Lockdown Diary

ലോക്ക്ഡൗൺ ഡയറി

കുമാരേട്ടൻ ഇപ്പോൾ നല്ല സന്തോഷവാനാണ്. തന്റെ നീണ്ട 6 വർഷത്തെ ഔദ്യോഗിക ജീവിതത്തിനിടയിൽ കുടുംബത്തോടൊപ്പം കുറച്ച് സമയം സ്പെന്റ് ചെയ്യുന്നതിൽ ഏറെ ആഹ്ലാദിക്കുന്നു അദ്ദേഹം.
കുമാരേട്ടൻ ഒരു സർക്കാർ സ്കൂളിലെ സാമൂഹ്യശാസ്ത്രം പഠിപ്പിക്കുന്ന അദ്ധ്യാപകനാണ്, ഭാര്യ ജാനകി വീട്ടമ്മയും. അവർക്ക് രണ്ട് മക്കളുണ്ട് ; ദിവ്യാംശും ദിവ്യയും . ദിവ്യാംശ് പത്താം ക്ലാസ് വിദ്യാർത്ഥിയാണ്. ദിവ്യ എട്ടാം ക്ലാസിൽ പഠിക്കുന്നു. അച്ഛൻ പഠിപ്പിക്കുന്ന അതേ വിദ്യാലയത്തിലാണ് അവരും പഠിക്കുന്നത്. സ്വന്തം അച്ഛനെ 'മാഷേ' എന്നുകൂടി വിളിക്കാൻ ഭാഗ്യം ചെയ്തവരാണവർ.
പഠനത്തിലും മറ്റെല്ലാ കാര്യങ്ങളിലും മുൻപന്തിയിലാണ് രണ്ടു പേരും. തൊടിയിലെ പച്ചക്കറിക്കൃഷിയിലും പൂക്കൃഷിയിലും അച്ഛനേയും അമ്മയേയും സഹായിക്കുന്നതിൽ ഒരു മടിയും അവർ കാണിക്കുന്നില്ല.

"എടീ ജാന്വേ കടുപ്പത്തിലൊരു ചായ"
"ദാ വരുന്നൂ"
കുമാരേട്ടൻ ചായകുടി കഴിഞ്ഞ് ഉമ്മറക്കോലായിലെ ചാരുകസേരയിലിരുന്ന് പത്രം വായന തുടങ്ങി. 
"ഇന്ന് സംസ്ഥാനത്ത് 26 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു; ഭൂരിഭാഗം പേരും വിദേശത്തു നിന്നും അയൽസംസ്ഥാനങ്ങളിൽ നിന്നും വന്നവർ"

"എടീ ജാന്വേ ഒന്നിങ്ങു വന്നേ... ഒരു കാര്യം പറയട്ടെ."
" ദാ വരുന്നു. വേഗം പറ എനിക്ക് അടുക്കളയിൽ പിടിപ്പതു പണിയുണ്ട്."
കുമാരേട്ടൻ പത്രത്തിലേക്ക് വിരൽ ചൂണ്ടിക്കൊണ്ട് ജാനുവിനോട്: " ദേ ഇതു നോക്ക്യേ . ഈ രോഗികളെയൊക്കെ എന്തിനാ ഇങ്ങോട്ട് കെട്ടിയെഴുന്നള്ളിക്കുന്നതെന്നാ ഞാനിപ്പോ ആലോചിക്കുന്നേ ...."
" ന്റെ കുമാരേട്ടാ, ദൈവദോഷം പറയാതെ. ഇന്നാട്ടിലെ ഭൂരിഭാഗം ജനങ്ങളും അവരൊക്കെ പൊരി വെയിലത്ത് കഷ്ടപ്പെട്ട് അധ്വാനിച്ച് കിട്ടുന്ന പണം കൊണ്ടാണ് ജീവിതം മുന്നോട്ടു പോകുന്നത്."
" ഓ, ഞാനത് ഓർത്തില്ല. ഞാൻ നേരത്തെ അവരെപ്പറ്റി പറഞ്ഞതെല്ലാം തിരിച്ചെടുത്തിരിക്കുന്നു. സോറി." "അങ്ങനെ പറ, ഇനി കുമാരേട്ടൻ ഇങ്ങനെയൊന്നും സ്വപ്നത്തിൽ പോലും വിചാരിക്കരുത് കേട്ടോ ." " ഓ ശരി"

"അമ്മേ ഇന്ന് ഉച്ചയ്ക്കെന്താ സ്പെഷ്യൽ ?" "ആടാ മോനേ ചക്കക്കുരൂം മാങ്ങേം " "അമ്മേ ഞാനൊരു കാര്യം ചോദിച്ചോട്ടെ. അമ്മ എനിക്ക് പറഞ്ഞു തര്വോ''
"ആടാ മോനേ ചോദിച്ചോളൂ. നീ ഞങ്ങടെ മുത്തല്ലേ ..."
"അമ്മേ എനിക്ക് ബിരിയാണി ഉണ്ടാക്കുന്നത് എങ്ങനാണെന്ന് ഒന്നു പറഞ്ഞു തര്വോ പ്ലീസ്.... എനിക്ക് അത് യൂട്യൂബിൽ ഇട്ട് വൈറൽ ആവാനാ"
" ഓ പറഞ്ഞു തരാലോ "

ഇതുവരെയും അടുക്കളയിലേക്കൊന്നെത്തി നോക്കുക പോലും ചെയ്തിട്ടില്ലാത്ത തന്റെ സ്വന്തം മകൻ ദിവ്യാംശ് നല്ല അസ്സലായി ബിരിയാണി പാചകം ചെയ്യുന്നതു കണ്ട് അമ്മ അന്തംവിട്ട് കുന്തം വിഴുങ്ങിയതുപോലെ നിന്നു...

പത്താം ക്ലാസ് പരീക്ഷ വീണ്ടും വരുന്നതിനാൽ ദിവ്യാംശ് ഓൺലൈൻ ക്ലാസുകളിലേക്കും തന്റെ പാഠപുസ്തകങ്ങളിലേക്കും കൂടെ തന്റെ കണ്ണോടിക്കുന്നുണ്ട്.

ദിവ്യയ്ക്ക് ചിത്രരചനയിലാണ് കമ്പം. അവൾ ഇപ്പോ താൻ പുതുതായി വരച്ച ചിത്രങ്ങൾ വാട്സാപ്പ്, മറ്റ് ഇതര സോഷ്യൽ മീഡിയ ആപ്പുകളിൽ പോസ്റ്റുകൾ ഇട്ട് വൈറൽ ആകുകയാണ്.
രണ്ടു പേരും ചേർന്ന് ഒരുക്കുന്ന ടിക്ടോക് തമാശകളും വൈറൽ തന്നെ.

കുറേ നാളുകൾക്കുശേഷം കുമാരേട്ടൻ വീടുവിട്ടിറങ്ങി ; കുറച്ച് പലചരക്ക് വാങ്ങാൻ. എങ്ങുo നിശബ്ദത. വാഹനങ്ങളുടെ ചീറിപ്പായലില്ല. ശബ്ദ കോലാഹലങ്ങളില്ല. പൊടിപടലങ്ങളില്ല ആളുകളുടെ പരക്കംപാച്ചിലില്ല. എല്ലാവരും അവരവരുടെ വീടുകളിൽ സുരക്ഷിതർ. നിരത്തിൽ പേരിന് ഒന്നു രണ്ട് വണ്ടികൾ മാത്രം. പുറത്ത് സാധനം വാങ്ങാനെത്തിയ ആളുകളെല്ലാരും മുഖാവരണം ധരിച്ച് സാമൂഹിക അകലം പാലിച്ച് കടകൾക്ക് മുന്നിൽ ഊഴം കാത്ത് കാത്തുനിൽക്കുന്നു.
കുമാരേട്ടൻ സാധനം വാങ്ങി വീട്ടിലേക്ക് നടക്കുകയാണ്.
രാവും പകലും ഏതുമില്ലാതെ പൊരി വെയിലത്തും മഴയത്തും സ്വന്തം ജീവന് വില കല്പിക്കാതെ മറ്റുള്ളവർക്ക് വേണ്ടി അധ്വാനിക്കുന്ന പോലീസുകാർ, ഡോക്ടർമാർ, നഴ്സുമാർ മറ്റ് സജ്ജനങ്ങൾ എന്നിവരുടെ നിസ്വാർത്ഥ സേവനം അദ്ദേഹം ഒരു നേരം വീക്ഷിച്ചു നിന്നു. പലചരക്കുമായി കുമാരേട്ടൻ വീട്ടിലെത്തി.

"എടി ജാന്വേ, നീ ആ ടി.വി ഒന്ന് വെച്ചേ .... നമ്മുടെ മുഖ്യമന്ത്രി എന്താ പറയുന്നേന്ന് നോക്കാ....."

" ഇന്ന് സംസ്ഥാനത്ത് 13 പേർക്ക് രോഗമുക്തി ; പുതിയ കൊവിഡ് രോഗികളില്ല "

''ഹാവൂ.. ആശ്വാസായി " കുമാരേട്ടൻ നെടുവീർപ്പിട്ടു.

എന്നാലും അദ്ദേഹത്തിന്റെ മനസിൽ കുറേ ഓർമകൾ മിന്നിമറഞ്ഞു.
"നമ്മുടെ പിള്ളാരുടെ ആ നിഷ്കളങ്കമായ ചോദ്യങ്ങളും അതിൽ മനസ് വിഷമിക്കാതെ ഉത്തരo പറഞ്ഞു കൊടുക്കാനുള്ള എന്റെ മനോഭാവവും.... എന്തൊരു നല്ല കാലമായിരുന്നു അത്.... കുറുപ്പ് മാഷും ദേവയാനി ടീച്ചറുo പരമുവേട്ടനുമൊക്കെ സുഖമായിരിക്കുന്നോ എന്തോ.... ദേവയാനി ടീച്ചർ സ്നേഹത്തോടെ തന്നിരുന്ന ഉണ്ണിയപ്പത്തിന്റെ രുചി ഇപ്പോഴും നാവിൽ നിന്നും വിട്ടുപോകുന്നില്ല ..........


✡️✡️✡️✡️✡️✡️✡️✡️
തുറുപ്പുചീട്ട്

കൊറോണയെന്ന ഈ മഹാമാരിയെ നമുക്ക് ഈ ലോകത്ത് അധികകാലം വെച്ചു പൊറുപ്പിച്ചു കൂടാ. എത്രയും വേഗം കെട്ടുകെട്ടിച്ചേ മതിയാകൂ...

എല്ലാവരും പൊതുസ്ഥലങ്ങളിൽ മുഖാവരണം നിർബന്ധമായും ധരിക്കുക. മറ്റുള്ളവരിൽ നിന്നും ഒരു മീറ്റർ അകലം പാലിക്കുക. കൈകൾ ഇടയ്ക്കിടെ സോപ്പും വെള്ളവും അല്ലെങ്കിൽ സാനിറ്റൈസർ ഉപയോഗിച്ച് വൃത്തിയാക്കുക. ഇടയ്ക്കിടെ മുഖത്ത് സ്പർശിക്കുന്നത് കഴിവതും ഒഴിവാക്കുക. കൊറോണ രോഗലക്ഷണങ്ങളുള്ള ആളുകളിൽ നിന്നും നേരിട്ടുള്ള സമ്പർക്കo ഒഴിവാക്കുക. കൊറോണ രോഗബാധിതരോട് ഒരു കാരണവശാലും വിവേചനം അരുത്. 

നമുക്ക് ഒത്തൊരുമിച്ച് പ്രവർത്തിച്ച് കൊറോണ എന്ന മഹാമാരിയെ ഈ ലോകത്തു നിന്നും കെട്ടുകെട്ടിക്കാം.
 

Break the chain
കൈവിടാതിരിക്കൂ. കൈ കഴുകാം.
തുപ്പല്ലേ തോറ്റു പോകും



സ്നേഹത്തോടെ,
അരുൺജിത്ത് എ

Comments

Post a Comment